നാളെ ശ്രീലങ്കയ്ക്കെതിരെ കരിയറിലെ നൂറാം ടെസ്റ്റ്

Breaking News Entertainment Sports

ടെസ്റ്റ് ക്രിക്കറ്റിലെ അത്യപൂര്‍വ നേട്ടം കൈവരിക്കാന്‍ ഒരുങ്ങുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി . ശ്രീലങ്കയ്ക്കെതിരെ നാളെ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം കോഹ്ലിയുടെ കരിയറിലെ നൂറാം ടെസ്റ്റാണ്. ഈ നേട്ടം കൈവരിക്കുന്ന 12-ാമത്തെ ഇന്ത്യന്‍ താരമാണ് വിരാട് കോഹ്ലി. 2011 -ലാണ് കോഹ്ലി ആദ്യമായി ഇന്ത്യക്കായി വെള്ളക്കുപ്പായം അണിഞ്ഞത്. ആദ്യ മത്സരത്തില്‍ വെറും 19 റണ്‍സ് മാത്രമാണ് നേടിയതെങ്കിലും തൻറെ നിശ്ചയദാര്‍ഢ്യത്തിൻറെയും ആത്മാര്‍ത്ഥതയുടെയും കഠിനാധ്വാനത്തിൻറെയും ഫലമായി ഇന്ത്യയൂടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്ക് ഉയരുവാന്‍ ഈ 33 വയസ്സുകാരന് സാധിച്ചു.

എല്ലാ ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവെക്കുന്ന കോഹ്ലിയുടെ ടെസ്റ്റ് റെക്കോര്‍ഡുകള്‍ ഏതൊരു താരത്തെയും അസൂയപ്പെടുത്തുന്നതാണ്. 99 മത്സരങ്ങളില്‍ നിന്ന് 7962 റണ്‍സാണ് കോഹ്ലി ഇതുവരെ അടിച്ചെടുത്തത്. അതും 50.39 ശരാശരിയില്‍! നായകന്‍ എന്ന നിലയിലും കോഹ്ലി സമാനതകള്‍ ഇല്ലാത്ത പ്രകടനമാണ് കാഴ്ച വച്ചത്. 68 മത്സരങ്ങള്‍ ഇന്ത്യയെ നയിച്ചു, അതില്‍ 40 എണ്ണത്തില്‍ വിജയിക്കാനുമായി. വിജയ ശരാശരി 58.82 ശതമാനമാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കോഹ്ലിയോളം ടെസ്റ്റില്‍ തിളങ്ങിയ താരമില്ലെന്ന് തന്നെ പറയാം. കോഹ്ലിയുടെ ആധിപത്യം കണ്ട വര്‍ഷമായിരുന്നു 2016. 12 കളികളില്‍ നിന്ന് 1,215 റണ്‍സ് നേടി.

നായകനെന്ന നിലയില്‍ ഏറ്റവുമധികം സെഞ്ചുറികള്‍ നേടുന്ന രണ്ടാമത്തെ താരമാണ് കോഹ്ലി. 20 സെഞ്ചുറികളാണ് താരത്തിൻറെ പേരിലുള്ളത്. ദക്ഷിണാഫ്രിക്കയുടെ ഗ്രെയിം സ്മിത്താണ് ഒന്നാമത്, 25 സെഞ്ചുറികള്‍.

ടെസ്റ്റ് ക്രിക്കറ്റില്‍ 27 സെഞ്ചുറികളും കോഹ്ലി നേടിയിട്ടുണ്ട്. നിലവിലെ കളിക്കാരില്‍ ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് മാത്രമാണ് കോഹ്ലിക്ക് ഒപ്പമുള്ളത്.

ഇന്ത്യയില്‍ വച്ച് നടന്ന 24 ടെസ്റ്റ് മത്സരങ്ങളില്‍ വിജയിക്കാന്‍ കോഹ്ലിയുടെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞു.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും അധികം വിജയങ്ങള്‍ നേടിയ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡും കോഹ്ലിയുടെ പേരിലാണ്.

നായകനെന്ന നിലയിലെ ആദ്യ മത്സരത്തില്‍ തന്നെ രണ്ട് ഇന്നിങ്‌സുകളിലും സെഞ്ചുറി നേടിയ രണ്ടാമത്തെ താരമാണ് കോഹ്ലി. ഗ്രെഗ് ചാപ്പലാണ് സമാന നേട്ടം കോഹ്ലിക്ക് മുന്‍പ് കൈവരിച്ചിട്ടുള്ളത്.